മജീഷ്യന്‍ സാന്‍ഡിയെ വിസ്മയിപ്പിച്ച് ഭിന്നശേഷിക്കുട്ടികളുടെ മാന്ത്രിക പ്രകടനം
തിരുവനന്തപുരം: നിമിഷ നേരങ്ങള്‍ക്കുള്ളില്‍ നിരവധി മാജിക്കുകള്‍… പതറാതെ, കൃത്യതയോടെ, ചടുലഭാവങ്ങള്‍ കോര്‍ത്തിണക്കി അമ്പരപ്പിക്കുന്ന ഇന്ദ്രജാലങ്ങള്‍ അവതരിപ്പിച്ചത് സെറിബ്രല്‍പാഴ്‌സി, ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കുട്ടികള്‍.. തഴക്കവും പഴക്കവും വന്ന ഇന്ദ്രജാലക്കാരെപ്പോലെ അവര്‍ വേദിയില്‍ അത്ഭുതങ്ങള്‍ തീര്‍ത്തപ്പോള്‍ അമേരിക്കയിലെ പ്രശസ്ത മജീഷ്യന്‍ സാന്‍ഡിയും മിഴിച്ചു നിന്നു. കഴക്കൂട്ടം മാജിക് പ്ലാനറ്റിലാണ് ഈ വിസ്മയ സംഭവത്തിന് അരങ്ങൊരുങ്ങിയത്. ഭിന്നശേഷിക്കുട്ടികള്‍ സ്ഥിരമായി ഇന്ദ്രജാല അവതരണം നടത്തുന്ന എം പവര്‍ വേദി കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിലുണ്ടെന്നറിഞ്ഞാണ് അമേരിക്കന്‍ മജീഷ്യനും എഴുത്തുകാരനും ഇന്ദ്രജാല ഗവേഷകനുമായ അലക്‌സാണ്ടര്‍ സാന്‍ഡി മാര്‍ഷലും സംഘവും ഇവിടെയെത്തിയത്. ഒരു ചരടില്‍ കോര്‍ത്ത മുത്തുകള്‍ പോലെ 6 ഭിന്നശേഷിക്കുട്ടികള്‍ ഒന്നിനുപിറകെ ഒന്നായി നിരവധി ഇന്ദ്രജാലങ്ങളാണ് സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഒഴിഞ്ഞ പെട്ടിക്കുള്ളില്‍ നിന്നും നിരവധി വിസ്മയപ്പൂക്കള്‍ സൃഷ്ടിച്ചും ദേശീയോദ്ഗ്രഥന ജാലവിദ്യയുടെ ഭാഗമായി ഭാരതാംബയെ പ്രത്യക്ഷപ്പെടുത്തിയും കുട്ടികള്‍ അത്ഭുതങ്ങളുടെ പ്രവാഹമൊരുക്കി. 20 മിനിട്ടു നീണ്ട പ്രകടനങ്ങള്‍ക്കൊടുവില്‍ വേദിയിലേയ്ക്ക് ചാടിക്കയറി സാന്‍ഡി കുട്ടികളെ വാരിപ്പുണര്‍ന്നപ്പോള്‍ കാണികളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. പിന്നെ കുട്ടികള്‍ക്കൊപ്പം കുറച്ചു നേരം. തന്റെ കൈയിലുള്ള കുഞ്ഞു കുഞ്ഞു മാജിക്കുകള്‍ അവരെ പഠിപ്പിക്കുവാനും സാന്‍ഡി മറന്നില്ല. തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമായിരുന്നു ഇതെന്ന് സാന്‍ഡി പറഞ്ഞു. മനസ്സും ശരീരവും ദ്രുതഗതിയില്‍ ചലിപ്പിക്കേണ്ട ഇന്ദ്രജാല കലയെ ഈ കുട്ടികള്‍ ഒരു തെറ്റും കൂടാതെ അവതരിപ്പിക്കുന്നത് അത്ഭുതം തന്നെയാണ്. മാത്രവുമല്ല ഭിന്നശേഷിക്കുട്ടികള്‍ ഇത്ര ഏകോപനത്തോടെ ഇന്ദ്രജാലം അവതരിപ്പിക്കുന്നത് മറ്റൊരിടത്തും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാജിക് പ്ലാനറ്റിലെ മറ്റ് വിഭാഗങ്ങളും സന്ദര്‍ശിച്ചാണ് സാന്‍ഡി മടങ്ങിയത്.